പച്ചക്കറിച്ചെടി- നടാന്‍ പാകത്തിന്

പച്ചക്കറിച്ചെടി-നടാന്‍ പാകത്തിന്; ഇറച്ചി മേല്‍ത്തരം

 



നഗരത്തില്‍ ഇത്തിരിമുറ്റത്ത് ഒരു വെണ്ടത്തയ്യോ കുമ്പളമോ നട്ട് വളര്‍ത്താന്‍ ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. നേരെ തൃശൂര്‍ മണ്ണുത്തിയിലെ കാര്‍ഷികസര്‍വകലാശാലയുടെ കൗണ്ടറില്‍ എത്തുക. പാലക്കാട്ടേക്കുള്ള ബസ് സ്റ്റോപ്പിനോട് ചേര്‍ന്ന് തന്നെയാണ് ഈ കൗണ്ടറുകളുടെ പ്രവര്‍ത്തനം. പച്ചക്കറിത്തൈകള്‍ റെഡി റ്റു പ്‌ളാന്റ് സംവിധാനത്തില്‍ കിട്ടും. കഴിഞ്ഞ ഒരു കൊല്ലമായി വിത്തുകളേക്കാള്‍ ഈ ചെടികള്‍ക്കാണ് ആവശ്യക്കാരേറെ. കൊച്ച് കടലാസ് കൂടുകളിലാണ് ഇവ വളര്‍ത്തിയിരിക്കുന്നത്. പ്‌ളാസ്റ്റിക്കിനോട് പണ്ടേ വിട പറഞ്ഞു. വീട്ടില്‍ ഒരു ചെറു കുഴിയെടുത്ത് നടേണ്ട ആവശ്യമേയുള്ളു. വെണ്ട, മത്തന്‍, പയര്‍, കുമ്പളം, ചീര, പാവല്‍, പടവലം, വഴുതന എന്നിവയുടെ തൈകള്‍ ഇപ്പോള്‍ ലഭിക്കും. മൂന്ന് തൈക്ക് 5 രൂപ പ്രകാരമാണ് വില്‍ക്കുന്നത്. ഇവയ്ക്ക് പുറമെ പടവലം, മുളക്, ചുരയ്ക്ക, ബീന്‍സ് എന്നിവയും കൂടി ചേരുന്നതാണ് ഇവിടത്തെ വിത്ത് വില്‍പ്പന കൗണ്ടര്‍. സര്‍വകലാശാല ഉല്‍പ്പാദിപ്പിച്ച മേല്‍ത്തരം ഇനങ്ങളാണ് ഇവിടെയുള്ളത്.

മാവ്, പ്‌ളാവ്, സപ്പോട്ട, പപ്പായ, വാഴ തുടങ്ങിയവയുടെ തൈകളാണ് മറ്റൊരു വിഭാഗം. മാവ് തന്നെ 30 ഇനങ്ങളുണ്ട്. പ്‌ളാവില്‍ നാടന്‍ ഇനങ്ങള്‍ക്ക് പുറമെ മൗറീഷ്യന്‍, ക്യൂ തുടങ്ങിയവയുമുണ്ട്. തെങ്ങ്, കവുങ്ങ്, കശുമാവ് എന്നിവയുമുണ്ട്. ഔഷധസസ്യങ്ങള്‍, പൂച്ചെടിവിത്തുകള്‍ തുടങ്ങിയവയും വില്‍ക്കുന്നു. ജൈവകീടനാശിനികളും വാങ്ങാന്‍ കിട്ടും. ജൈവവളങ്ങളില്‍ വെര്‍മി കമ്പോസ്റ്റിന് ആവശ്യക്കാരേറെയുണ്ട്. കിലോയ്ക്ക് 8 രൂപയാണ് വില. തേന്‍, ദന്തപാലയെണ്ണ, കേശരക്ഷ, ആടലോടകചൂര്‍ണ്ണം എന്നിവയും സര്‍വകലാശാലയില്‍ ഉല്‍പ്പാദിപ്പിച്ച് വിപണനം നടത്തുന്നുണ്ട്. ജാം, സ്‌ക്വാഷ്, അച്ചാറുകള്‍, കാഷ്യു-ആപ്പിള്‍ സിറപ്പ് എന്നിവയ്ക്കുപുറമേ ശുദ്ധമായ വെളിച്ചെണ്ണയും ഈ കൗണ്ടറില്‍ വാങ്ങിക്കാം.

മാംസത്തിന് ഡിമാന്റേറെ

അല്‍പ്പം യാത്ര ചെയ്തിട്ടായാലും സര്‍വകലാശാലയുടെ കൗണ്ടറില്‍ എത്തി മാംസം വാങ്ങുന്നവരേറുകയാണ്. വെറ്ററിനറി സര്‍വകലാശാല ഉല്‍പ്പാദിപ്പിക്കുന്ന മാംസവിഭവങ്ങളുടെ വില്‍പ്പനയും ഈ കൗണ്ടറുകള്‍ തന്നെ. രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ തുറന്നിരിക്കും. മട്ടന്‍ ഒഴികെയുള്ള മിക്കവാറും ഇറച്ചികളെല്ലാം കിട്ടും. ചിക്കന്‍, ബീഫ്, കാട, പോര്‍ക്ക്, ബീഫ് പിക്കിള്‍, കാടമുട്ട പിക്കിള്‍ എന്നിവയാണ് ഏറെയും വിറ്റഴിക്കുന്നത്.

പൂര്‍ണ്ണമായും യന്ത്രവല്‍ക്കൃതമാണ് മാംസസംസ്‌കരണം. അതിനാല്‍ ശുചിത്വം 100 ശതമാനം ഉറപ്പിക്കാം. വില അല്‍പ്പം കൂടിയാലും ബീഫും പോര്‍ക്കുമൊക്കെ വിശ്വസിച്ച് വാങ്ങാമെന്നതിനാല്‍ പലരും ഈ കൗണ്ടറുകളിലെത്തുന്നു. കട്‌ലെറ്റ്, കീമ തുടങ്ങിയവയും ഉല്‍പ്പാദിച്ച് വില്‍ക്കുന്നുമുണ്ട്. ശുദ്ധമായ പാലാണ് ഈ കൗണ്ടറുകളിലെ മറ്റൊരു വിഭവം.

വര്‍ഷം രണ്ട് കോടി രൂപയോളം വിറ്റുവരവുണ്ട് കാര്‍ഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തില്‍. ഉച്ചയ്ക്ക് 1-1.30 ആണ് ഇടവേള. സംശയനിവാരണത്തിനുള്ള സംവിധാനങ്ങളും കിട്ടും.

വിവരങ്ങള്‍ക്ക് 0487 2370540.


അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.