മധുരം കിനിയുന്ന കോഴിക്കോട്....



 
കോഴിക്കോട് ജില്ലയില്‍(പ്രത്യേകിച്ചും കോഴിക്കോട് നഗരത്തിലും അതിന്റെ പ്രാന്തപ്രദേശത്തുള്ള സ്ഥലങ്ങളിലും) ദീപാവലി വലിയ വിശേഷമാണ്.
മുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരത്തില്‍ കുടിയേറിയ ഗുജറാത്തികളുടെ സംസ്‌കാരമാകാം കോഴിക്കോട് നഗരത്തിന് മറ്റ് വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് ദീപാവലി പ്രധാനആഘോഷദിനമായി മാറിയത്. നൂറ്റാണ്ടുകളായി കോഴിക്കോട്ടുകാരായി ജീവിച്ചിട്ടും തങ്ങളുടെ സ്വന്തം സംസ്‌കാരത്തെ കൈവിടാത്തവരാണ് ഇവിടത്തെ ഗുജറാത്തി കുടുംബങ്ങള്‍.
നവരാത്രി, ദീപാവലി ആഘോഷങ്ങളെല്ലാം അതുകൊണ്ടുതന്നെ അവര്‍ക്ക് ഏറെ വിശേഷമാണ്. വര്‍ഷങ്ങളായി പതിവായി നടന്നപ്പോള്‍ കോഴിക്കോട്ടുകാരും അതില്‍ പങ്കുചേരുകയും അതിന്റെ ചില രീതികളും മറ്റും സ്വന്തം സംസ്‌കാരത്തിലേയ്ക്ക് സ്വീകരിക്കുകയായിരുന്നുവെന്നും വേണം കരുതാന്‍
കുടിയേറിയ ഗുജറാത്തികള്‍ ആദ്യകാലത്ത് തങ്ങളുടെ ബിസിനസ് സംരംഭങ്ങള്‍ ഈ നാട്ടില്‍ വേരുപിടിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ നാട്ടുകാര്‍ക്കും അടുപ്പക്കാര്‍ക്കുമെല്ലാം വീട്ടില്‍ നിര്‍മ്മിച്ച രുചിയില്‍ പാലും നെയ്യും പഞ്ചസാരയും മുന്നില്‍ നില്‍ക്കുന്ന പലഹാരങ്ങള്‍ സമ്മാനിക്കുക പതിവായിരുന്നു.
നെയ്യപ്പം ഉണ്ണിയപ്പം പോലുള്ള പതിവു രുചികളില്‍ നിന്നുമാറിയ മധുരപലഹാരങ്ങളുടെ പാചകരീതി ഒടുവില്‍ ബേക്കറികളുടെ അപ്പക്കൂടുകളിലുമെത്തി. അങ്ങനെ കോഴിക്കോട് ഈ മധുരപലഹാരങ്ങളുടെ വലിയ വിപണിയായി മാറുകയും ചെയ്തു. എത്ര വിലകൂടിയാലും ദീപാവലിയ്ക്ക് ഒരു പെട്ടി മധുരപലഹാരമെങ്കിലും വാങ്ങാത്ത കോഴിക്കോട്ടുകാരുണ്ടാവില്ല. ബെര്‍ഫിയും, ലഡുവും, രസഗോളയും, ഗുലാബ് ജാമൂനുമെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ടതുതന്നെ.
 

അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.