കുഞ്ഞിന് ഭക്ഷണം ഇഷ്ടത്തോടെ (Childrens Food)



ടിവിയുടെ മുമ്പിലിരുന്ന് കുട്ടിയെ ഭക്ഷണം കഴിക്കാന്‍
അനുവദിക്കരുത്. എന്താണ് കഴിക്കുന്നതെന്നുപോലും
ആലോചിക്കാതെ കൂടുതല്‍ വാരിവലിച്ച് കഴിച്ചെന്നിരിക്കും

മോന്‍ ഒന്നും കഴിക്കുന്നില്ല. എന്തു കൊടുത്താലും വേണ്ട. അവന് വിശപ്പുണ്ടാക്കാന്‍ എന്തെങ്കിലും മരുന്ന് എഴുതിത്തരാമോ?'' പലരും ചോദിക്കാറുണ്ട്. ആരോഗ്യമുള്ള ഒരു കുഞ്ഞി ന് ജനിക്കുമ്പോള്‍ രണ്ടേമുക്കാല്‍ മുതല്‍ മൂന്നു കിലോഗ്രാം വരെ തൂക്കം ഉണ്ടാവും. ആറു മാസം പ്രായമാകുമ്പോള്‍ ഇത് ഇരട്ടിയും ഒരു വയസ്സാവുമ്പോള്‍ മൂന്നിരട്ടുയുമാകും. ആദ്യത്തെ ഒരു വര്‍ഷമാണ് കുഞ്ഞുങ്ങള്‍ ഏറ്റവുമധികം വളരുന്ന സമയം. അതിനുശേഷം വളര്‍ച്ചയുടെ വേഗം കുറയും. സ്വാഭാവികമായി കുട്ടിക്ക് ഭക്ഷണത്തോടുള്ള താല്‍പര്യവും കുറയും.


ഒരു വയസ്സുവരെയുള്ള കുട്ടി കിട്ടിയതെന്തും കഴിക്കും. കുട്ടി വളരുന്നതിനനുസരിച്ച് അവന്റെ വ്യക്തിത്വവും വികസിക്കും. അതോടെ ഭക്ഷണത്തോടുള്ള ഇഷ്ടങ്ങളും അനിഷ്ടങ്ങളും തുടങ്ങും. ഒന്ന്-ഒന്നര വയസ്സു മുതലാണ് ഇതു കണ്ടുതുടങ്ങുക. കൂടുതലായും പെണ്‍കുട്ടികളിലാണ് ഇത് കാണാറുള്ളത്. സ്വന്തം വീട്ടില്‍ നിന്ന് കഴിക്കാത്ത ഭക്ഷണസാധനങ്ങള്‍ പോലും അന്യവീടുകളിലോ റെസ്റ്റോറന്‍റുകളിലോ പോയാല്‍ കഴിക്കും. ഈ സ്വഭാവം അഞ്ചാറു വയസ്സാകുമ്പോള്‍ തനിയെ മാറുകയാണ് പതിവ്.
ഇതിനൊക്കെ കുട്ടികളെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. മറ്റു കുട്ടികളോടൊത്ത് ഉല്ലാസത്തോടെ ഭക്ഷണം കഴിക്കാനുള്ള അവസരം മിക്ക കുട്ടികള്‍ക്കും വീടുകളില്‍ കിട്ടുന്നില്ല. ക്രഷുകളിലും പ്ലേ സ്‌കൂളുകളിലും മറ്റും പോകുന്ന കുട്ടികള്‍ ശരിയായ ആഹാരരീതി പരിശീലിക്കപ്പെടുന്നില്ല. കൃത്യമായി ഭക്ഷണം കഴിക്കാത്തതുമൂലം കുട്ടിക്ക് തൂക്കക്കുറവോ ഉത്സാഹക്കുറവോ ഇടവിട്ടുള്ള രോഗാവസ്ഥയോ ഉണ്ടാവുന്നുണ്ടെങ്കില്‍ വിദഗ്ധ പരിശോധന ആവശ്യമാണ്.

കുട്ടി ഓടിച്ചാടിക്കളിക്കുകയും വലിയ തൂക്കക്കുറവ് ഇല്ലാതിരിക്കുകയും ആണെങ്കില്‍ ആവശ്യമുള്ള ഭക്ഷണം കുട്ടിക്ക് കിട്ടുന്നുണ്ടെന്ന് മനസ്സിലാക്കാം. ചില കുട്ടികള്‍ക്ക് വിളര്‍ച്ചയോ പോഷകക്കുറവോ കാണാറുണ്ട്. കുട്ടിയുടെ ആഹാരശീലത്തെ പതുക്കപ്പതുക്കെ നേരെയാക്കിക്കൊണ്ടു വന്നാല്‍ അമ്മയ്ക്കുതന്നെ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. ആഹാരത്തോട് കുട്ടികള്‍ക്ക് താല്‍പര്യമുണ്ടാക്കുവാന്‍ നമുക്ക് എന്തൊക്കെ ചെയ്യാമെന്നു നോക്കാം. കുഞ്ഞിന് ആറേഴു മാസമാവുമ്പോള്‍തന്നെ വിവിധതരം ഭക്ഷണങ്ങള്‍ കൊടുത്ത് ശീലിപ്പിക്കണം. ചെറിയ പ്രായത്തില്‍തന്നെ കുടുംബാംഗങ്ങളോടൊരുമിച്ച് ഭക്ഷണം കഴിക്കുവാന്‍ അവസരമുണ്ടാക്കണം. തീന്‍മേശയില്‍ കുട്ടിയുടേതായ ഇരിപ്പിടവും പാത്രവും നല്‍കി തനിയേ ഭക്ഷണം കഴിക്കാന്‍ അവസരമൊരുക്കാം.
ടിവിയുടെ മുമ്പിലിരുന്ന് കുട്ടിയെ ഭക്ഷണം കഴിക്കാന്‍ അനുവദിക്കരുത്. എന്താണ് കഴിക്കുന്നതെന്നുപോലും ആലോചിക്കാതെ കൂടുതല്‍ വാരിവലിച്ച് കഴിച്ചെന്നിരിക്കും.

അടി കൊടുത്തും പേടിപ്പിച്ചും കുട്ടികളെ ഭക്ഷണം കഴിപ്പിക്കരുത്. ഭക്ഷണസമയം ആഹ്ലാദകരമാക്കുക. കുടുംബാംഗങ്ങളെല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്ന ശീലമുണ്ടാക്കുക.




അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.