സംശയരോഗിയെ ചികിത്സിക്കുക


ഡോ. ഹരി എസ്. ചന്ദ്രന്‍

 സംശയിക്കാനും ചോദ്യംചെയ്യാനുമുള്ള താത്പര്യം വളര്‍ച്ചയ്ക്കും വിജ്ഞാന സമ്പാദനത്തിനും അത്യാവശ്യമാണ്. സംശയമില്ലെങ്കില്‍ അന്വേഷണമില്ല, അന്വേഷണമില്ലാതെ അറിവും ഉണ്ടാവുന്നില്ല. സംശയം ഒരു ശീലമായിത്തീരുമ്പോഴാണ് പ്രശ്‌നങ്ങള്‍ തലപൊക്കുന്നത്. സംശയക്കാര്‍ പങ്കാളിയുടെ മാത്രമല്ല മക്കളുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ഒക്കെ ജീവിതത്തില്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. നമ്മള്‍ നിരന്തരം ശ്രദ്ധിക്കപ്പെടുന്നു എന്ന അറിവ് അസ്വസ്ഥത ജനിപ്പിക്കുന്ന ഒന്നാകയാല്‍ നമ്മള്‍ പലപ്പോഴും ഇത്തരം സ്വഭാവക്കാരെ ഒഴിവാക്കാനാണ് ശ്രമിക്കുക.

എന്നാല്‍, ഒഴിവാക്കാന്‍ പറ്റാത്ത ഒരാള്‍ക്കാണ് ഈ ശീലം ഉള്ളതെങ്കിലോ? കാര്യം സങ്കടകരം തന്നെ. പ്രത്യേകിച്ചും ജീവിതപങ്കാളിക്ക് സംശയം ബാധിച്ചാല്‍. വഴിയില്‍ വെച്ച് പരിചയക്കാരെ കണ്ടാല്‍ പങ്കാളി കൂടെയുണ്ടെങ്കില്‍ തലകുനിച്ച് കാണാത്ത മട്ടില്‍ നടക്കണം. വീട്ടില്‍ ചെന്ന് അവര്‍ക്കെന്തു തോന്നിക്കാണും എന്നാലോചിച്ച് മനസ്സ് പുണ്ണാക്കണം. ഒരു റോങ് നമ്പര്‍ ഫോണില്‍ വന്നാല്‍, വഴിപോക്കരാരെങ്കിലും വീടുതെറ്റി കയറിവന്നാല്‍ ഒക്കെ പ്രശ്‌നങ്ങള്‍ ആരംഭിക്കുകയായി.

സംശയശീലത്തിന്റെ പിന്നിലുള്ള കാരണങ്ങള്‍ വ്യത്യസ്തമാണ്. ഒന്നാമത് സ്വന്തം അനുഭവങ്ങള്‍ തന്നെ. ചൂടുവെള്ളത്തില്‍ വീണ പൂച്ചയുടെ കഥയാണ് പലര്‍ക്കും പറയാനുണ്ടാവുക. സ്വന്തം അനുഭവങ്ങള്‍തന്നെ ആയിക്കൊള്ളണമെന്നില്ല. മറ്റൊരാളുടെ ചീത്ത അനുഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചാലും മതി സംശയം തുടങ്ങാന്‍. ഈ സ്വഭാവംകൊണ്ട് ചിലപ്പോഴൊക്കെ അപകടങ്ങളില്‍ നിന്ന് രക്ഷനേടാന്‍ കഴിയും എന്നുകൂടി കാണുന്നതോടെ സംശയശീലം ഉറച്ച് വ്യക്തിത്വത്തിന്റെ തന്നെ ഭാഗമായിത്തീരുന്നു.

അപകര്‍ഷതാബോധമുള്ളവരില്‍ക്കാണുന്ന സംശയമാണ് ഇനിയൊന്ന്. താന്‍ മോശക്കാരനാണെന്നും തനിക്ക് ഭാര്യയെ തൃപ്തിപ്പെടുത്താനാവില്ലെന്നും വിശ്വസിക്കുന്ന ഭര്‍ത്താവ് ഭാര്യയെ സംശയിക്കുക തന്നെ ചെയ്യും. എന്നേക്കാള്‍ മിടുക്കനായ ഒരാളുമായി ഇവള്‍ ഇടപെട്ടാല്‍, അയാളുമായി തട്ടിച്ചുനോക്കി തന്റെ കഴിവുകേടുകള്‍ ഭാര്യ മനസ്സിലാക്കിക്കളയും എന്നാണ് ഇക്കൂട്ടരുടെ പേടി. ഈ പേടിയെപ്പറ്റി വ്യക്തിക്ക് ബോധമുണ്ടായിക്കൊള്ളണം എന്നില്ല. പലപ്പോഴും ഇത്തരം വ്യാപാരങ്ങള്‍ അബോധമനസ്സിലാവും നടക്കുക. ലൈംഗികമായ അസൂയയും ഉടമസ്ഥതാബോധവും മൂര്‍ച്ഛിച്ച് ഒടുവില്‍ പങ്കാളി തന്നെ ഉപേക്ഷിച്ചുപോകുമോ എന്ന ഉത്കണ്ഠ ആയിത്തീരുന്നു. ഇത്തരക്കാര്‍ക്ക് പങ്കാളിയെ ചില്ലകള്‍ക്കിടയില്‍ ഒളിപ്പിച്ച കനിപോലെ സൂക്ഷിക്കാനാണ് വ്യഗ്രത.

ഇവിടെ സംശയം അബോധമനസ്സിന്റെ ഒരായുധമാണ്. ഇതുപയോഗിച്ച് വ്യക്തി പങ്കാളിയുടെ ചിന്തകളെയും പ്രവൃത്തികളെയും നിയന്ത്രിക്കുന്നു. മദ്യപാനികളില്‍ ഇത് സാധാരണമാണ്.സംശയത്തെ കടപുഴക്കാന്‍ തക്ക വസ്തുനിഷ്ടമായ തെളിവുകള്‍ കിട്ടിയാലും ചിലര്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കാറുണ്ട്. ഇത്തരം പ്രതികരണങ്ങള്‍ വ്യക്തിയുടെ സാമൂഹികബന്ധങ്ങള്‍ തകര്‍ക്കുകയും ഒടുവില്‍ ഒറ്റപ്പെടലിലേക്ക് നീങ്ങുകയും ചെയ്യുന്നു. ഉദാഹരണമായി, ഭാര്യയെ സംശയിക്കുന്നയാളെ സ്‌നേഹിതന്‍ ഉപദേശിക്കുന്നു എന്നു സങ്കല്പിക്കുക. ആ സ്‌നേഹിതനേയും സ്വന്തം ഭാര്യയേയും ബന്ധിപ്പിച്ചുള്ള സംശയങ്ങളാവും പിന്നീടയാളുടെ മസ്തിഷ്‌കത്തില്‍ നുരയിടുക.

തലച്ചോറിന്റെയും അന്തഃസ്രാവ ഗ്രന്ഥികളുടെയും അപാകതയാല്‍ ഉണ്ടാവുന്ന സംശയശീലം തികച്ചും ഗൗരവമുള്ളതാണ്. ഇവരെ ഉപദേശങ്ങളിലൂടെയോ കുറ്റപ്പെടുത്തലിലൂടെയോ നേരെയാക്കാനാവില്ല

 

ചികിത്സയുടെ കാര്യത്തിലും ധാരാളം പ്രശ്‌നങ്ങളുണ്ട്. സ്വയം രോഗിയാണെന്ന് സമ്മതിക്കാത്തയാള്‍ മരുന്നുകള്‍ കഴിക്കാന്‍ സ്വാഭാവികമായും വിസമ്മതിക്കുകതന്നെ ചെയ്യും. നിര്‍ബന്ധിക്കുന്ന പക്ഷം ഗുളികകള്‍ നാവിനടിയില്‍ ഒളിപ്പിച്ചുെവച്ചശേഷം തുപ്പിക്കളയുന്നതും പതിവാണ്. അതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വേണം ഇക്കൂട്ടരെ ചികിത്സിക്കാന്‍. സംശയവും ഭയവും മൂര്‍ച്ഛിച്ച് രോഗി മറ്റുള്ളവരെ ആക്രമിക്കാന്‍ ശ്രമിക്കുകയോ ആത്മഹത്യയ്ക്ക് മുതിരുകയോ ചെയ്‌തേക്കാം. ഇത്തരം അവസ്ഥകളില്‍ മരുന്നും വൈദ്യുതിയും ഉപയോഗിച്ച് ദീര്‍ഘനാള്‍ ചികിത്സ നടത്തേണ്ടിവന്നേക്കാം. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തുവന്ന 'വടക്കുനോക്കി യന്ത്രം' എന്ന സിനിമയില്‍ ഒരു സംശയരോഗിയുടെ സ്വഭാവവിശേഷങ്ങള്‍ ഏറ്റവും മനോഹരമായി ചിത്രീകരിച്ചിട്ടുള്ളത് ഓര്‍ക്കുമല്ലോ.

നമുക്ക് വേണ്ടപ്പെട്ട ഒരാള്‍ക്ക് സംശയരോഗം കണ്ടാലെന്തു ചെയ്യും? ആദ്യം ഉപദേശിച്ചു നോക്കും. ഫലമില്ലെന്നു കണ്ടാല്‍ അയാളെ ഒഴിവാക്കും, അല്ലേ? ഒഴിവാക്കാന്‍ പറ്റാത്ത ആളാണെങ്കിലോ? അയാള്‍ക്ക് സംശയത്തിന് യാതൊരു ഇടയും കിട്ടാത്തവണ്ണം ഭംഗിയായി അഭിനയിക്കാനാവും അടുത്ത ശ്രമം. ഇതൊക്കെ നിങ്ങളുടെ വ്യക്തിത്വത്തെത്തന്നെ ദോഷമായി ബാധിക്കുമെന്ന് പലപ്പോഴും അറിയാറില്ല. ഒടുവില്‍ അഭിനയം ഏത്, വാസ്തവം ഏത് എന്ന് തിരിച്ചറിയാന്‍ തന്നെ കഴിയാതാവുന്നതോടെ മാനസികരോഗം അടുത്തയാളിലേക്കു സംക്രമിച്ചു എന്നു മനസ്സിലാക്കാം. അതിനാല്‍ സംശയരോഗിയെ സഹിക്കുകയല്ല, അയാള്‍ക്ക് ചികിത്സ ലഭ്യമാക്കുകയാണ് വേണ്ടത്

--

അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.