ജലജന്യരോഗങ്ങള്‍ പടരുന്നത് ചെറുക്കാന്‍ ക്രൗഡ്‌സോഴ്‌സിങ് സങ്കേതം (Protection Against Water Illness)





 



കുടിവെള്ളത്തിന്റെ ഗുണനിലവാരം നിശ്ചയിക്കാന്‍ 'ക്രൗഡ്‌സോഴ്‌സിങ്' ഉപയോഗിക്കുക വഴി, കോളറ പോലുള്ള ജലജന്യരോഗങ്ങള്‍ പടരുന്നത് തടയാന്‍ പുതിയ സങ്കേതം വരുന്നു. വെള്ളത്തിന്റെ ഗുണനിലവാരം തത്സമയം മനസിലാക്കാന്‍ 'വാട്ടര്‍ കാനറി' (Water Canary) എന്ന ഉപകരണമാണ് സഹായിക്കുക.

എഡിന്‍ബറോയില്‍
ടെഡ് ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ (TED Global conference) ആണ് പുതിയ ഉപകരണം അവതരിപ്പിക്കപ്പെട്ടത്. ജലത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും അതുവഴി രോഗബാധ ചെറുക്കാനും ഇത് സഹായിക്കും.

മാത്രമല്ല, വെള്ളത്തെക്കുറിച്ച് തത്സമയം കണ്ടെത്തുന്ന വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാനും വാട്ടര്‍ കാനറി സഹായിക്കും. മലിനമായ വെള്ളം എവിടെയാണ് വിതരണം ചെയ്യപ്പെടുന്നതെന്ന് ഗവേഷകര്‍ക്ക് മനസിലാക്കാനും രോഗബാധയുടെ ദിശ വ്യക്തമാകാനും ഇത് സഹായിക്കും.
ലോകാരോഗ്യ സംഘടന (WHO)യുടെ കണക്ക് പ്രകാരം, ലോകത്ത് വര്‍ഷംതോറും 30 ലക്ഷംപേര്‍ സുരക്ഷിതമല്ലാത്ത കുടിവെള്ളത്തിന്റെ ഉപയോഗം മൂലം രോഗബാധിതരായി മരിക്കുന്നു.


'വാട്ടര്‍ കാനറി ഒരു ഓപ്പണ്‍സോഴ്‌സ് ഉപകരണമാണ്, ജലത്തിന്റെ ഗുണനിലവാരം വളരെ വേഗം മസിലാക്കി ആ വിവരം തത്സമയം കൈമാറുമാറാന്‍ അതിന് കഴിയും'- വാട്ടര്‍ ക്യാനറിയുടെ സ്ഥാപകരിലൊരാളായ സൊണാര്‍ ലുഥ്ര ടെഡ് കോണ്‍ഫറന്‍സില്‍ പറഞ്ഞു.

നിലവില്‍ ജലപരിശോധന വളരെ സാവധാനത്തില്‍ നടക്കുന്ന പ്രവര്‍ത്തനമാണ്, ചെലവും കൂടുതലാണ്. അത്തരം പൊല്ലാപ്പുകള്‍ ഒഴിവാക്കുകയാണ് വാട്ടര്‍ ക്യാനറി ചെയ്യുന്നതെന്ന് സൊണാര്‍ ലുഥ്ര അറിയിച്ചു.

ഹെയ്തി പോലെ ഭൂകമ്പബാധിത മേഖലകളില്‍ കോളറ പൊട്ടിപ്പുറപ്പെട്ടുവെന്ന വാര്‍ത്ത കാണുമ്പോള്‍, രോഗബാധ എത്ര വേഗത്തിലാണ് പരക്കുന്നതെന്ന് അറിയാന്‍ ഒരു മാര്‍ഗവും നിലവിലില്ല-അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വെള്ളത്തിലെ രോഗാണു സാന്നിധ്യവും രാസമാലിന്യവും സ്‌പെക്ട്രല്‍ സങ്കേതത്തിന്റെ സഹായത്തോടെ വേഗം തിരിച്ചറിയാന്‍ വാട്ടര്‍ കാനറിക്ക് സാധിക്കും. വെള്ളം കുടിക്കാന്‍ യോഗ്യമാണോ അല്ലയോ എന്ന് ചുവപ്പ്, പച്ച ലൈറ്റുകള്‍ വഴി ഉപകരണം സൂചിപ്പിക്കും.

ഉപകരണത്തിന്റെ നിര്‍മാണ ചിലവ് നൂറ് ഡോളറില്‍ താഴെയേ വരൂ എന്ന് സൊണാര്‍ ലുഥ്ര അറിയിച്ചു. ക്രമേണ ഇത് സൗജന്യമായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ലഭ്യമായ ഏത് നെറ്റ്‌വര്‍ക്ക് വഴിയും ജിപിഎസ് ടാഗ് ചെയ്ത വിവരം വയര്‍ലെസ്സ് ആയി വിനിമയം ചെയ്യാന്‍ ഈ ഉപകരണത്തിന് സാധിക്കും. ഇത്തരം ആയിക്കരണക്കിന് ഉപകരണങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമാകുമ്പോള്‍, ആ ഡാറ്റ ഉപയോഗിച്ച് രോഗബാധയുടെ ദിശയും തീവ്രതയും മനസിലാക്കാനും പ്രതിരോധ നടപടികള്‍ ഫലവത്തായി നടപ്പാക്കാനും സാധിക്കും.

യുദ്ധങ്ങളില്‍ മരിക്കുന്നതിലും അധികം ജനങ്ങള്‍, സുരക്ഷിതമല്ലാത്ത വെള്ളം വഴി രോഗംബാധിച്ച് ലോകത്ത് മരിക്കുന്നു എന്ന് പറയുമ്പോള്‍ പുതിയ സങ്കേതത്തിന്റെ പ്രസക്തി വര്‍ധിക്കുന്നു.

മനുഷ്യ-കേന്ദ്രിത സങ്കേതങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന 'ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ഇന്ററാക്ടീവ് ടെലികമ്മ്യൂണിക്കേഷന്‍സ് പ്രോഗ്രാമി'ല്‍ നിന്നാണ് വാട്ടര്‍ കാനറി പ്രോജക്ടിന്റെ പിറവി. അടുത്ത വര്‍ഷം തന്നെ ഈ ഉപകരണം ഫീല്‍ഡ് പഠനത്തിന് ഉപയോഗിക്കാനാകുമെന്ന് ലുഥ്ര ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.



അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.