◄ തട്ടുദോശപോലൊരു സിനിമ ...................


 

രാത്രിനഗരങ്ങളെക്കുറിച്ചുള്ള ഏറ്റവും സുഖമുള്ള ഓര്‍മ്മ അരണ്ടവെട്ടത്തില്‍ അവിടവിടെ പൂത്തുനില്‍ക്കുന്ന തട്ടുകടകളെക്കുറിച്ചുള്ളതാണ്.ചുട്ടപാടെ പാത്രത്തിലേക്ക് പകരുന്ന ആവിപറക്കുന്ന ദോശയ്ക്കായി അവിടെ അഞ്ചുപത്തുപേര്‍ വട്ടമിട്ടുനില്‍ക്കുന്നുണ്ടാവും.തട്ടുകടകള്‍ നല്‍കുന്ന സ്വാതന്ത്ര്യവും തട്ടുദോശയുടെ ആറാത്ത ചൂടുമാണ് എല്ലാനഗരത്തിന്റെയും രാത്രിമണം.നല്ല മുളകുചമ്മന്തിയും കൂട്ടി ഇതുപോലൊരു തട്ടുദോശ തിന്നുന്നൊരു സുഖമാണ് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയും സമ്മാനിക്കുന്നത്.ഒരു ദോശയുണ്ടാക്കിയ കഥ എന്ന വേറിട്ട പരസ്യവുമായി തിയറ്ററിലെത്തിയ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമ സ്വാദിഷ്ടമാവുന്നത് നമ്മുടെ രുചിക്കൂട്ടുകള്‍ കൂടി കൊതിപ്പിക്കും വിധം ചേര്‍ത്തുവെച്ചതുകൊണ്ടാണ്.ഭക്ഷണശീലങ്ങളെയും മനോഭാവങ്ങളെയും സമന്വയിപ്പിച്ചാണ് ഒരു റൊമാന്റിക് കോമഡി ചിത്രമെന്നു വിളിക്കാവുന്ന സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഒരുക്കിയിരിക്കുന്നത്.അരുചിയില്ലാതെ അത് അവസാനം വരെ കൊണ്ടുപോകാന്‍ സംവിധായകന്‍ ആഷിക് അബുവിനായി.

നമ്മള്‍ ജീവിക്കുന്നത് ഭക്ഷണം കഴിക്കാനാണെന്ന് ക്ലാസ്മുറിയില്‍ പ്രഖ്യാപിക്കുകയും അതു തെളിയിക്കാന്‍ പോക്കറ്റില്‍ നിന്ന് വാളന്‍പുളിയെടുത്ത് ആസ്വദിച്ചുകഴിക്കുകയും ചെയ്യുന്ന പയ്യനായ കാളിദാസനാണ് സിനിമയിലെ നായകനായി വളരുന്നത്.കാളിദാസന്‍ പുളി തിന്നുമ്പോള്‍ ക്ലാസിലെ സാറിനടക്കം വായില്‍ കപ്പലോടിക്കാന്‍ വെള്ളം പൊട്ടുന്നുണ്ട്.ജീവിക്കാന്‍ വേണ്ടിയാണ് ഭക്ഷണം കഴിക്കുന്നതെന്ന സാറിന്റെ വേദാന്തവും അതില്‍ ഒഴുകിപ്പോവുന്നു.ഇതേ കാളിദാസന്‍ വളര്‍ന്നുവലുതായശേഷവും ഭക്ഷണത്തിനുവേണ്ടിയാണ് ജീവിക്കുന്നത്.രുചികരമായ ഭക്ഷണം തേടിയുള്ള ആര്‍ക്കിയോളജിസ്റ്റ് കാളിദാസന്റെ യാത്രകളാണ് ചിത്രത്തെമുന്നോട്ടുകൊണ്ടുപോവുന്നത്. പെണ്ണുകാണാന്‍പോയ വീട്ടില്‍ നിന്നു കിട്ടിയ ഉണ്ണിയപ്പത്തില്‍ മയങ്ങി അവിടുത്തെ പാചകക്കാരനെ കൂടെക്കൂട്ടിയ ആളാണ് കാളിദാസന്‍. കാളിദാസന്‍ ലാലിന്റെ കൈയില്‍ ഭദ്രമായപ്പോള്‍ പാചകക്കാരന്‍ ബാബുവായി ബാബുരാജിന് സ്ഥിരം തല്ലുകൊള്ളി വേഷങ്ങളില്‍നിന്നു മോചനംകിട്ടുകയും ചെയ്തു.

കാളിദാസിന് മരുമകന്‍ മനു നല്‍കിയ മൊബൈല്‍ഫോണിലേക്ക് വഴിതെറ്റിയെത്തുന്ന ഒരുകോളാണ് കഥയിലെ ഉപ്പും മുളകുമാവുന്നത്. തട്ടില്‍കുട്ടിയ ദോശ ഓര്‍ഡര്‍ചെയ്ത ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് മായയായിരുന്നു ഫോണിന്റെ മറുതലക്കല്‍.തുടക്കത്തില്‍ ദേഷ്യം തോന്നിയെങ്കിലും ദോശയുടെ കാര്യമായതിനാല്‍ കാളിദാസന്‍ ക്ഷമിച്ചു.തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ വളരുന്ന പ്രണയവും അതിന്റെ ചുവടുപിടിച്ചുള്ള സംഭവങ്ങളുമാണ് ചിത്രത്തെനയിക്കുന്നത്.ഇതിനു സമാന്തരമായി മനുവിനും മായയുടെ കൂട്ടുകാരി മീനാക്ഷിയ്ക്കുമിടയിലും പ്രണയം വളരുന്നുണ്ട്.നാലുപേര്‍ക്കിടയില്‍ സംഭവിക്കുന്ന നര്‍മ്മരസപ്രധാനമായമുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകനുമുന്‍കൂട്ടി പ്രവചിക്കാവുന്ന രീതിയില്‍ തന്നെയാണ് മുന്നോട്ടുപോവുന്നത്.പക്ഷേ രസച്ചരടുപൊട്ടാതെ അതുകൊണ്ടുപോവാന്‍ കഴിഞ്ഞുവെന്നത് സംവിധായകന്റെ വിജയമായി.
 
 

അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.